"The 8th phase of the National Animal Disease Control Program - Foot and Mouth Disease Vaccination" is being implemented from June 19 to July 13, 2026.
സ്ഥലനാമ ചരിത്രം

ഈ പ്രദേശത്തെ ഒരോ സ്ഥലനാമത്തിന് പിന്നിലും ഓരോ ചരിത്രവുമുണ്ട്. സ്ഥലനാമ സംബന്ധമായി പഴമക്കാരുടെയിടയിലുള്ള ചില വായ്മൊഴികള്‍ ഇപ്രകാരമാണ്.

പനയമുട്ടം -   ദശാബ്ദങ്ങള്‍ക്ക് മുമ്പ് കണ്ടെഴുത്തിന് വന്ന ഒരു സര്‍വ്വേയര്‍ മേനോന്‍ എഴുതാന്‍ കൊണ്ടുവന്ന പനയോല തീര്‍ന്നപ്പോള്‍ പനയോല ആവശ്യപ്പെട്ടെങ്കിലും പ്രസ്തുത സ്ഥലത്ത് പനയോലയ്ക്ക് വലിയ മുട്ടാണെന്ന് അറിഞ്ഞ മേനോന്‍ പനയ്ക്ക് മുട്ടുള്ള നാടിനെ പനമുട്ട് എന്നു വിളിച്ചു. ക്രമേണ അത് പനയമുട്ടമായി മാറി.

മുക്കോല എന്നറിയപ്പെട്ടിരുന്ന സ്ഥലത്തെ അറിയപ്പെടുന്ന പൊതുപ്രവര്‍ത്തകനും കമ്മ്യൂണിസ്റ്റ്പാര്‍ട്ടി പ്രവര്‍ത്തകനുമായിരുന്നു എസ്.നാരായണന്‍നായര്‍. സര്‍പ്പദംശനമേറ്റ് മരണമടഞ്ഞ അദ്ദേഹത്തിന്റെ ഓര്‍മ്മയ്ക്കായി മുക്കോലയ്ക്ക് എസ്.എന്‍.പുരം എന്ന് ഉപയോഗിച്ചു തുടങ്ങി.

കടുവ പോകുന്ന സ്ഥലം കടുവാപോക്കായി. കടുവാപോക്കില്‍ നിന്ന് കുറുപ്പ് എന്നയാള്‍ കടുവയെ പിടിച്ച് ശ്രീമൂലം തിരുനാള്‍ മഹാരാജാവിന് കാഴ്ച വച്ച് പട്ടും വളയും നേടി കടുവാക്കുറുപ്പെന്ന സ്ഥാനപേരും കിട്ടി. മൊട്ടറത്തല എന്നറിയപ്പെട്ടിരുന്ന സ്ഥലത്തിന് ജനങ്ങള്‍ കൂടിയാലോചിച്ച് മാറ്റിയ പേരാണ് അജയപുരം.