"ദേശിയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ 8-ാം ഘട്ട കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്പ് " -2026 ജൂൺ 19 മുതൽ ജൂലൈ 13 വരെ നടപ്പിലാക്കുന്നു.
ദേശ ചരിത്രം

ഭൂമിയുടെ ഉടമസ്ഥതയുടെ ചരിത്രം പരിശോധിക്കുമ്പേള്‍ ജന്മി-കുടിയാന്‍ സമ്പ്രദായം ഇവിടെ സുദൃഢമായി നിലനിന്നിരുന്നുവെന്ന് കാണാം. ഭൂമിക്കും കൂലിക്കും വേണ്ടിയുള്ള ഒറ്റപ്പെട്ട സമരങ്ങളും സംഘര്‍ഷങ്ങളും ഒഴിച്ചാല്‍ ജന്മികുടിയാന്‍ ബന്ധം പാരമ്പര്യത്തിന്റേയും സൌഹൃദത്തിന്റേതുമായിരുന്നു. അതുകൊണ്ടുതന്നെ കാര്‍ഷിക മേഖല പൊതുവേ ശാന്തവും ഉല്പാദന ക്ഷമവുമായിരുന്നു. ജനസംഖ്യാനുപാതികമായി അരിയും പയറും മരച്ചീനിയും ലഭ്യമായിരുന്നുവെന്നു മാത്രമല്ല, അവ അധികമായി ഉല്‍പാദിപ്പിച്ച് വിറ്റ് ഇവിടെ ദുര്‍ലഭമായിരുന്ന മറ്റു വസ്തുക്കള്‍ മറ്റിടങ്ങളില്‍ നിന്ന് വാങ്ങുകയും ചെയ്തിരുന്നു. ഭൂരിഭാഗമാളുകളുടെയും പ്രധാന ഉപജീവന മാര്‍ഗ്ഗം കൃഷിയായിരുന്നു. ദാരിദ്ര്യവും പട്ടിണിയും അക്കാലത്ത് ഉണ്ടായിരുന്നില്ലെന്ന് ഇതിന് അര്‍ത്ഥമില്ല. വിഭവങ്ങളുടെ നീതിപൂര്‍വ്വകമായ വിതരണത്തിന്റെ അഭാവമായിരുന്നു ദാരിദ്ര്യത്തിന്റെ പ്രധാന കാരണം. കാര്‍ഷികോല്പന്നങ്ങള്‍ പണ്ടുകാലത്ത് തലച്ചുമടായാണ് കൃഷിക്കാര്‍ നെടുമങ്ങാട്, നന്ദിയോട്, വെഞ്ഞാറമൂട് തുടങ്ങിയ ചന്തകളില്‍ കൊണ്ടുപോയി വിറ്റിരുന്നത്. അക്കാലത്ത് കൃഷിക്കാര്‍ക്ക് ചുമടിറക്കിവച്ച് വിശ്രമിക്കാനായി സ്ഥാപിച്ചിരുന്ന ചുമടു താങ്ങിയുടെ അവശിഷ്ടങ്ങള്‍ ആട്ടുകാലിലും മൂന്നാനക്കുഴിയിലും ഇപ്പോഴും കാണാം. 1960-ഓടെ ഈ പഞ്ചായത്തില്‍ മൃഗചികിത്സാ കേന്ദ്രം നിലവില്‍ വന്നു എന്നുള്ളത് ഇവിടെ മൃഗപരിപാലനം വളരെ പ്രധാനപ്പെട്ട തൊഴിലായിരുന്നുവെന്ന് കാണിക്കുന്നു. പില്‍ക്കാലത്ത് ഈ സ്ഥാപനം മൃഗാശുപത്രിയായി ഉയരുകയും വെള്ളാഞ്ചിറയില്‍ ഒരു ഐ.സി.ഡി.പി കേന്ദ്രം കൂടി സ്ഥാപിതമാവുകയും ചെയ്തു. മൃഗാശുപത്രികളുടെ വരവിന് മുമ്പ് നാട്ടുചികിത്സാ രീതിയായിരുന്നു നിലവിലിരുന്നത്. അതിവിദഗ്ധരായ മാടുവൈദ്യന്മാര്‍ അക്കാലത്ത് നാട്ടില്‍ ഉണ്ടായിരുന്നു. ഈ പ്രദേശത്തിന്റെ സാമ്പത്തിക രംഗത്ത് നിര്‍ണ്ണായക സ്വാധീനം ചെലുത്തികൊണ്ട് പ്രവര്‍ത്തിക്കുന്ന ആനാട് ഫാര്‍മേഴ്സ് സര്‍വ്വീസ് സഹകരണ ബാങ്ക് ഈ പഞ്ചായത്തിലെ കരിക്കുഴിയിലാണ് ആരംഭിച്ചത്. 72 വര്‍ഷം മുമ്പ് സ്ഥാപിതമായ ഈ ബാങ്കിന്റെ സ്ഥാപക പ്രസിഡന്റ് ഷൊര്‍ണ്ണോട് നാരായണ പിള്ളയായിരുന്നു.